സിന്ധു മിടുക്കിയായിരുന്നു.
സുന്ദരി, ആരെയും ആകർഷിക്കുന്ന സ്വഭാവം. ഏഴാം ക്ലാസ്സിൽ ആയിരുന്നു അവൾ പഠിച്ചിരുന്നത്.
സ്വഭാവ ശുദ്ധിക്കും പഠനത്തിനും പുറമെ സ്കൂളിൽ അവളെ പ്രശസ്തയാക്കിയിരുന്നത് അവളുടെ മനോഹരമായ
കാർകൂന്തലായിരുന്നു. മുട്ടറ്റം നീണ്ടുകിടക്കുന്ന പനങ്കുല പോലുള്ള മുടി.
കർക്കിടക മാസം. അച്ഛൻ
രാമായണം വായിക്കുന്നു. സിന്ധു അടുത്ത് ചെന്നിരുന്നു. കൈകേയിക്ക് ദശരഥൻ വരം നല്കിയ ഭാഗം.
അവൾ അച്ഛനോട് ഒരു സംശയം ചോദിച്ചു “അച്ഛാ... ഈ വരംന്ന് വെച്ചാൽ ന്താ?” അച്ഛൻ പറഞ്ഞു
“കൊടുത്ത വാക്ക് പാലിക്ക്ണേന്യാ വരംന്ന് പറയാ.” “അങ്ങന്യാച്ചാ നിക്കും ഒരു വരം വേണം”
എന്നായി അവൾ. തെല്ലൊന്ന് ആലോചിച്ച് അച്ഛൻ പറഞ്ഞു “ഈ പരീക്ഷേൽ നീ നല്ല മാർക്ക് വാങ്ങ്യാ
നിന്റെ ആഗ്രഹം ഞാൻ സാധിപ്പിച്ച് തരാം” അവൾക്ക് സന്തോഷമായി.
പരീക്ഷയുടെ റിസൾട്ട് വന്നു.
ഉയർന്ന മാർക്ക് കിട്ടി സിന്ധുവിന്. അവൾ അച്ഛനോട് പറഞ്ഞു “അച്ഛൻ പറഞ്ഞ പോലെ ഞാൻ നല്ല
മാർക്ക് വാങ്ങി, ഇനി നിക്കെന്റെ വരം തരണം”. “നീ എന്ത് വേണേലും ചോദിച്ചോ...”. ഏഴാം ക്ലസ്സിൽ
പഠിക്കുന്ന ഒരു കുട്ടി എന്തു ചോദിക്കാൻ, ഏറിയാൽ ഒരു ചുരിദാർ, അല്ലെങ്കിൽ ഒരു പെന്ന്,
അതുമല്ലെങ്കിൽ ഒരു കമ്മൽ... എന്നൊക്കെ ചിന്തിച്ചു കൊണ്ടിരുന്ന അച്ഛനോട് സിന്ധു പറഞ്ഞു
“നിക്ക് തല മൊട്ട അടിക്കണം!!” അടുക്കളയിൽ അമ്മയുടെ കയ്യിൽ നിന്നും പാത്രം വഴുതിപ്പോയി.
അച്ഛന്റെ ഉള്ളൊന്നു കാളി. അമ്മ ഓടിവന്നു... “മുടി മുറിക്ക്യെ? എന്താ നിനക്ക് പറ്റ്യേത്?”
“വേറെ എന്തേലും ചോദിക്ക് മോളേ...”. അവൾ പറഞ്ഞു “വരം തന്നാ പിന്നെ മാറ്റാൻ പാടില്ല,
എന്തിനാ ന്നൊന്നും ചോദിക്കരുത്” ഗത്യന്തരമില്ലതെ അച്ഛൻ അവളെയും കൊണ്ട് ബാർബർഷോപ്പിലേക്ക് പോയി. മുടി
മുറിക്കുമ്പോൾ ആ ബാർബർക്ക് പോലും വിഷമമായി. “ഒന്നു ചെറുതാക്കിയാ പോരെ?” അയാൾ ചോദിച്ചു.
പക്ഷെ അവളുടെ തീരുമാനത്തിന് മാറ്റമൊന്നും ഉണ്ടായില്ല. തല നല്ല കുടം കമഴ്ത്തിയ പോലെ
തിളങ്ങി.
പിറ്റേ ദിവസം അവൾ പതിവുപോലെ
ബാഗും തൂക്കി സ്കൂളിലേക്ക് പോയി. അച്ഛനും അമ്മക്കും ഒന്നും മനസ്സിലായില്ല. വൈക്കുന്നേരം
പുറത്തേക്കിറങ്ങിയ അച്ഛൻ സുഹൃത്തിനെ കണ്ടു. അയാൾ പറഞ്ഞു “നിങ്ങളെ മോൾ സിന്ധു ഒരു അവതാരം
തന്ന്യാട്ടൊ, തല്യൊക്കെ മൊട്ട അടിച്ചല്ലെ സ്കൂളിൽക്ക് പോണത്?” അച്ഛൻ അതിലുള്ള വിഷമം
പറഞ്ഞപ്പൊൾ അയാൾ ചോദിച്ചു “അവളെന്താ അങ്ങനെ ചെയ്യാൻ ന്നറിയോ?” “ഇല്ല”
“എന്റെ മോൾ രാജി അവളുടെ അതേ ബെഞ്ചിലിരുന്നാണ്
പഠിക്കുന്നത്. കഴിഞ്ഞ മാസം അവൾക്ക് സുഖമില്ലാതായപ്പൊ ഡോക്ടറെ കാണിച്ചു. അപ്പോഴാണ്
അവൾക്ക് ക്യാൻസറാന്ന് മനസ്സിലായത്. അതിനു വേണ്ട ചികിത്സ കൊടുത്തപ്പൊ അവൾടെ മുടിയൊക്കെ
കൊഴിഞ്ഞു... സ്കൂളിലെക്ക് പോയാ കുട്ട്യോള് കളിയാക്കുംന്നും പറഞ്ഞ് അവ്ൾ സ്കൂളിലെക്ക്
പോവാതായി. കുറച്ച് ദിവസം കഴിഞ്ഞപ്പൊ സിന്ധു തല മൊട്ടയടിച്ച് വീട്ടിലേക്ക് വന്നു.. എന്റെ
മോളോട് ബാഗും എടുത്ത് അവളോടൊപ്പം സ്കൂളിലേക്ക് ചെല്ലാൻ പറഞ്ഞു. അന്നു മുതലാണ് അവൾ
വീണ്ടും സ്കൂളിൽ പോകാൻ തുടങ്ങിയത്...“
അച്ഛന്റെ കണ്ണിൽ നിന്നും
രണ്ട് തുള്ളി കണ്ണീർ പൊടിഞ്ഞു...
koollallo...ithookke swantham thalayil udichatho?atho adichu maattyatho?
ReplyDelete